ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം നാളെ ബെംഗളൂരുവിൽ നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രിയോടെ മടങ്ങിയെത്തും. ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്.
റോയ്‌യുടെ മരണത്തിൽ അശോക് നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരിൽ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ വ്യക്തമാക്കി. പരിശോധന നടത്തിയ ഐ ടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. സി ജെ റോയ്‌യുടെ മൊബൈൽ ഫോണുകൾ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരന്‍ സി ജെ റോയ് ആരോപിച്ചിരുന്നു.
രാവിലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്‌ക്ക് എത്തി. തുടർന്ന് റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.















