ന്യൂഡൽഹി: മുൻ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ, സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റനിലെ വീട്ടിൽ ആണ് 53 കാരൻ കൊല്ലപ്പെട്ടത്.
നാല് കമാൻഡോകൾ അടങ്ങിയ സംഘം വീട്ടിൽ കടന്നു കയറി വെടിയുതിർക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് കുടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ അഭിഭാഷകൻ തയ്യാറായില്ല.
1972 ജൂണിൽ ട്രിപ്പോളിയിൽ ജനിച്ച സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി ഏകാധിപത്യ ഭരണകൂടത്തിന്റെ പരിഷ്കരണ മുഖമായി അറിയപ്പെട്ടിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം ഒരിക്കൽ പിതാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിലെ ആധുനികവൽക്കരണ ശക്തിയെന്ന വിശേഷണം നേടിയിരുന്നു. 2011ൽ നാറ്റോ പിന്തുണയുള്ള പ്രക്ഷോഭത്തിലൂടെയാണ് മുഅമ്മർ ഗദ്ദാഫിയെ പുറത്തായത്. അതേ വർഷം തന്നെ ഗദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു.
പിന്നാവെ നൈജറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മകൻ, സെയ്ഫ് അല് ഇസ്ലാമിനെ സായുധസേന പിടികൂടിയത്. മാപ്പ് അനുവദിച്ചതിനെത്തുടർന്ന് 2017 ജൂണിൽ മോചിപ്പിച്ചു.
2021 നവംബറിൽ ലിബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഒരു രാഷ്‌ട്രീയ തിരിച്ചുവരവിനുള്ള ശ്രമവും സൈഫ് അൽ ഇസ്ലാം ഗദ്ദാഫി നടത്തിയിരുന്നു . എന്നാൽ രാജ്യത്തുടനീളമുള്ള ഗദ്ദാഫി വിരുദ്ധ ഗ്രൂപ്പുകൾ ഇതിനെ ശക്തമായി ഏതിർത്തു. ഉന്നത ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ദേഹത്തെ അയോഗ്യനാക്കുയും ചെയ്തു. അതിനിടെ ഭരണകൂടങ്ങളും സായുധ വിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ കാരണം തെരഞ്ഞെടുപ്പ് തന്നെ മാറ്റിവക്കുകയും ചെയ്തു.















