ലക്നൗ: ഉത്തർപ്രദേശിൽ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓൺലൈൻ ഗെയിമിന്റെ ഭാഗമായാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. പെൺകുട്ടികൾ ‘കൊറിയന് ലവർ ‘ എന്ന അപകടകരമായ ഓൺലൈൻ ടാസ്ക് ബേസ്ഡ് ഗെയിമിന് അടിമകളാണെന്ന് പോലീസ് സംശയിക്കുന്നു. ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞ ദിവസം കുടുംബം ഇവരുടെ ഫോണുകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളമുള്ള ഗെയിമിന്റെ പേരിൽ മാതാപിതാക്കളുമായി വഴക്കും പതിവാണ്.
പഠനത്തിൽ പിന്നോട്ടായ കുട്ടികൾ കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിൽ പോയിട്ടില്ലെന്നാണ് റിപ്പോർട്ട്. മാതാപിതാക്കൾ ഉറങ്ങുന്നതിനിടയിൽ, മൂവരും ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗാസിയബാദ് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല. പൊലീസ് ഇവരുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്. ജീവതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ടാസ്ക്കുകൾ ഗെയിമിൽ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.















