തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും, ഒരു വിഭാഗം സർവ്വീസ് സംഘടനകളും ഫെബ്രുവരി 12 ന് നടത്തുന്ന പണിമുടക്കില്‍ എൻ ജി ഒ സംഘ് പങ്കെടുക്കില്ല. സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്‌ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കുകയും, അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത് ദ്രോഹിച്ച ഇടതുമുന്നണിയുടെ തൊഴിലാളി വിരുദ്ധ ദുർഭരണത്തിനെതിരെ ഒരിക്കൽ പോലും പ്രതികരിക്കാൻ തയ്യാറാകാത്ത ഇടതുസർവ്വീസ് സംഘടനകളാണ് ആണ്ടുതോറും കേന്ദ്ര സർക്കാരിനെതിരെ അനാവശ്യ പണിമുടക്ക് നടത്തി സ്വയം അപഹാസ്യരാവുന്നത്. ഞങ്ങൾ എന്തിനുവേണ്ടിയാണ് പണിമുടക്കേണ്ടത് എന്ന ജീവനക്കാരുടെ ചോദ്യത്തിന് മറുപടി നൽകാതെ ഭരണസ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണിമുടക്കിൽ പങ്കെടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനകൾ ശ്രമിക്കുന്നത്.
2025 ജൂലൈ ഒൻപതിന് നടത്തിയ പണിമുടക്കിൽ സമരാനുകൂലികൾ സർക്കാർ ഓഫീസുകൾക്ക് നേരെ വ്യാപകമായി ആക്രമണം നടത്തുകയും, ജീവനക്കാരെ ഓഫീസിനുള്ളിൽ കയറി കയ്യേറ്റം ചെയ്ത് ഓഫീസുകൾ അടപ്പിക്കുകയും ചെയ്തിട്ടും പോലീസ് കാഴ്ചക്കരായി നോക്കിനില്ക്കുകയായിരുന്നു. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പണിമുടക്ക് ദിവസം ഓഫീസിലെത്തുന്നവർക്ക് നിർഭയം ജോലിയ്യുന്നതിനുള്ള ഭൗതികസാഹചര്യവും, മതിയായ സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.















