ശാസ്തമംഗലം: കേരളത്തിന്റെ നവോത്ഥാനത്തിന് ധൈഷണികമായ നേതൃത്വം നല്‍കുകയും അതോടൊപ്പം ഹരിജന വിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ആയി ജീവിതം പരിപൂര്‍ണ്ണമായ സമര്‍പ്പിച്ച ആത്മജ്ഞാനിയായ ആചാര്യനായിരുന്നു ആഗമാനന്ദ സ്വാമികള്‍ എന്ന് പ്രസിദ്ധ ചിന്തകനും ചരിത്രകാരനുമായ പ്രൊഫ എം ജി ശശിദ്ദൂഷണ്‍. കേരള സര്‍വകലാശാലയുടെ വേദാന്ത പഠനകേന്ദ്രത്തിന്റെയും ആഗമാനന്ദ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗമാനന്ദ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിജന ഗിരിജന വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും അന്നവസ്ത്രാദികളും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ജീവിത ലക്ഷ്യമാണ് അദ്ദേഹം ജീവിതവൃതമായ സ്വീകരിച്ചത് എന്നും, അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഭാവി തലമുറയ്‌ക്ക് എപ്പോഴും പ്രചോദനമായി നിലനില്‍ക്കുന്നു. അത് വരും തലമുറ പഠിക്കേണ്ടത് അനിവാര്യമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ ആഗമാനന്ദസ്വാമിയുടെ ശിഷ്യനായ ഗോലോകാനന്ദ ജി മഹാരാജ് അദ്ധ്യക്ഷത വഹിച്ചു . കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ശ്രീ പി .എസ് .ഗോപകുമാര്‍ ആശംസകള്‍ നേര്‍ന്നു. ബാലുശ്ശേരി സംസ്‌കൃത വിദ്യാപീഠപ്രിന്‍സിപ്പള്‍ പ്രൊഫ. (ഡോ) കെ .ഉണ്ണികൃഷ്ണന്‍, പന്തളം എന്‍എസ്എസ് കോളേജ് സംസ്‌കൃതാദ്ധ്യാപകന്‍ ഡോ. ജി. ആനന്ദ് രാജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണവും കേരള സര്‍വ്വകലാശാല സംസ്‌കൃത വിഭാഗം അദ്ധ്യക്ഷ പ്രൊഫ : (ഡോ) സി. എന്‍. വിജയകുമാരി സ്വാഗതവും പ്രൊഫ : തലനാട് ചന്ദ്രശേഖരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, ആഗമാനന്ദ സ്വാമി പഠന കേന്ദ്രം ) കൃതജ്ഞതയും രേഖപ്പെടുത്തി.















