കോഴിക്കോട്: പുതുയുഗ യാത്രയ്‌ക്ക് നൽകിയ സ്വീകരണത്തിനിടെ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിന് തർക്കമുണ്ടാക്കി ഷാഫി പറമ്പിൽ എംപി.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. യോഗത്തിൽ വി.ഡി.സതീശന് മുൻപ് സംസാരിക്കേണ്ടിയിരുന്നത് ഷാഫിയായിരുന്നു. എന്നാൽ യോഗാധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രസംഗിക്കുവാനായി സതീശനെ വിളിച്ചു. ഇതാണ് ഷാഫിയെ ചൊടിപ്പിക്കാൻ കാരണമായത്.
വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെട്ടതിനെത്തുടർന്ന് പ്രമോദ് ഷാഫിയെ വിളിക്കാൻ മുതിർന്നെങ്കിലും ഷാഫി തടയുകയായിരുന്നു. “വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്” എന്ന് ചോദിച്ച് വേദിയിൽവെച്ച് തർക്കവുമുണ്ടായി. തുടർന്ന് സതീശൻ തന്നെ സംസാരിക്കുകയായിരുന്നു. സതീശന്റെ പ്രസംഗത്തിന് ശേഷം ഷാഫിയെ വിളിച്ചെങ്കിലും നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ എന്നും താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്നും പറഞ്ഞ് ഷാഫി ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു.
പ്രതീക്ഷയേക്കാൾ ആളുകൾ എത്തിയപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായി എന്നും സമയം വൈകിയത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വിളിച്ചത് എന്നുംപ്രമോദ് കക്കട്ടിൽ പറഞ്ഞു.















