ന്യൂഡൽഹി: എഐ ആഗോള ഉച്ചക്കോടി അലങ്കോലമാക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ജിതേന്ദ്ര യാദവിനെ ഗ്വാളിയോറിൽ നിന്നാണ് പിടികൂടിയത്. ഇതോടെ ഭാരത് മണ്ഡപത്തിൽ അനധികൃതമായി കടന്ന് ഉച്ചക്കോടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ, കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച, പട്യാല ഹൗസ് കോടതി നാല് പ്രതികളുടെയും ജാമ്യാപേക്ഷ നിരസിക്കുകയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് രാജ്യത്തെ നാണംകെടുത്തിയ സംഭവമുണ്ടായത്. ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിലേക്ക് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറുകയും ടീ ഷർട്ട് ഉരിഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. ഇന്ത്യ- യുഎസ് വ്യാപാര കരാറിനെതിരെയാണ് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. ഇതോടെ ഉച്ചകോടി പങ്കെടുക്കാൻ എത്തിയവർ ഇവർക്കെതിരെ തിരിഞ്ഞു. ഇവരെ സ്ഥലത്ത് നിന്ന് ഓടിച്ചു വിടുകയും ചെയ്തു.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന പരിപാടി അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിന്റെ ശ്രമത്തെ അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രസർക്കാർ വിമർശിച്ചത്. കോൺഗ്രസ് രാജ്യത്തെ ആണ് അപമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു കോൺഗ്രസിന്റെ തുണിയുരിയൽ പ്രതിഷേധം കണ്ട് അനുയായികൾ പോലും അമ്പരന്നുപോയെന്നും നാണംകെട്ട പെരുമാറ്റം കാരണം പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തിരുമാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















