തൃശൂർ: ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്മാരക മന്ദിരം പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാർ കാലവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പദ്ധതി നടപ്പാക്കാത്തതിനെതിരെ മണിയുടെ സുഹൃത്തുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
കലാഭവൻ മണിയോടുള്ള സർക്കാരിന്റെ അവഗണനയാണിതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മണിയുടെ വേർപാടിന് പത്തുവർഷം ആകുമ്പോഴും പദ്ധതിക്ക് ഒരു കല്ല് പോലും ഇടാൻ കഴിയാത്തത് ദുഃഖകരമാണെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി
2016 മാർച്ച് 6 നാണ് മണി അന്തരിച്ചത്. മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നടത്തിയ പദ്ധതിക്ക് തറക്കല്ല് പോലും ഇട്ടിട്ടില്ല. മൂന്ന് കോടി രൂപ ചെലവിൽ നാടൻകലാ ഗവേഷണ കേന്ദ്രം ആണ് സർക്കാർ പ്രഖ്യാപിച്ചത്. ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തത്.















