ടെഹ്റാൻ: ഇറാൻ- ഇസ്രായേൽ യുദ്ധം സൈനിക മേഖലയിൽ നിന്ന് സാങ്കേതിക മേഖലയിലേക്ക് തിരിയുന്നു എന്ന് സൂചന. ഇസ്രായേലിനെ സഹായിക്കുന്ന ആഗോള ടെക് കമ്പനികൾക്കും നേരെ ഇറാന്റെ ഭീഷണി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ പ്രമുഖ അമേരിക്കൻ ടെക് കമ്പനികൾ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ തകർത്തു. ഇറാന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാർ കേന്ദ്രങ്ങളുമാണ് ഐ.ഡി.എഫ് ലക്ഷ്യമിട്ടത്. ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചത്. ഇറാന്റെ പ്രതികരണ ശേഷി കുറയ്‌ക്കുന്നതിനായി ആവിഷ്കരിച്ച ഈ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ റോൾ ഓഫ് ദി ലയൺ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടർന്നാൽ, ഗൾഫ് മേഖലയിലെ എണ്ണ, വാതക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.















