വിവാഹിതരായ ഓരോ ദമ്പതികളുടെയും സ്വപ്നമാണ് തങ്ങളുടേതായ കുഞ്ഞ്. ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി കടന്നുവരുമ്പോൾ ജീവിതത്തിലും മാറ്റങ്ങൾ വരിക സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളും വർഷങ്ങളും കടന്നുപോയാലും ഒരു കുഞ്ഞെന്ന ഭാഗ്യം ലഭിക്കാത്ത ദമ്പതികളുടെ എണ്ണവും കുറവല്ല. അതിനായി നേർച്ചയും വഴിപാടുമായി എത്ര ദമ്പതിമാരാണ് ഈശ്വരനെ പ്രാർത്ഥിക്കുന്നത്.
സന്താനലബ്ധിക്കായും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായും രക്ഷിതാക്കൾ നേർച്ചത്തൂക്കം വഴിപാടായികഴിക്കുന്ന പതിവുണ്ട്. അതിന് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രം. കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഈ ക്ഷേത്രത്തിൽ വർഷം തോറും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന 10 ദിവസത്തെ പുരാതനമായ ആചാരപരമായ ഉത്സവമാണ് കൊല്ലങ്കോട് തൂക്കം. തെക്കൻ തിരുവിതാംകൂറിലെതന്നെ ഒരു പ്രധാന ഉത്സവമാണിത്. ജാതിയോ മതമോ നോക്കാതെയാണ് ഉത്സവം ആഘോഷിക്കുന്നത്. പ്രധാന ആചാരമായ തൂക്കത്തിൽ ഭക്തരെ ഒരു മരത്തടിയിൽ തൂക്കിയിടുകയും തൂക്കക്കാരുടെ കയ്യിൽ കുഞ്ഞിനെ ഏല്പിക്കുകയും ചെയ്യുന്നു. ഇവർ 40 അടി ഉയരമുള്ള തൂക്കുവില്ലിൽ തൂങ്ങിക്കിടന്ന് ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വെക്കുന്നു. ദേവീഭക്തിയുടെയും വിശ്വാസത്തിന്റെയും തീവ്രത അവിടെ തങ്ങിനിൽക്കുന്ന ഓരോ മനുഷ്യരിലും നമുക്ക് ദർശിക്കാവുന്നതാണ്.
ഒരു കുഞ്ഞിനുവേണ്ടി വർഷങ്ങളോളം കാത്തുനിന്നതും വൈദ്യശാസ്ത്രംപോലും തോറ്റുപോയതുമായ പലർക്കും കൊല്ലങ്കോടമ്മ അനുഗ്രഹവർഷം ചൊരിഞ്ഞിട്ടുണ്ട്. അവർക്കെല്ലാം പറയാനുള്ളതും അമ്മയുടെ കാരുണ്യത്തിന്റെ കഥകളാണ്.















