ജോഹന്നാസ്ബര്‍ഗ്: പ്രോട്ടീസിനായി എട്ട് വര്‍ഷത്തോളം ബാറ്റിംഗ് നിരയിലെ കരുത്തായിരുന്ന റാസി വാന്‍ ഡെര്‍ ഡസ്സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിരമിക്കല്‍ വിവരം ആരാധകരെ അറിയിച്ചത്. ‘ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി അണിയുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു’ എന്ന് അദ്ദേഹം കുറിച്ചു.
18 ടെസ്റ്റുകള്‍, 71 ഏകദിനങ്ങള്‍, 57 ട്വന്റി20കള്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഏകദിന ചരിത്രത്തില്‍ എബി ഡിവില്ലിയേഴ്‌സിന് തൊട്ടുപിന്നിലായി (രണ്ടാമത്) ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള താരമാണ് വാന്‍ ഡെര്‍ ഡസ്സന്‍. ഏകദിനത്തില്‍ 6 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.
2019-ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരത്തെ പുറത്തായെങ്കിലും വാന്‍ ഡെര്‍ ഡസ്സന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2023 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിന്റെ മുന്‍നിര റണ്‍ വേട്ടക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2025 ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം. ട്വന്റി20യില്‍ എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുമുണ്ട്.
2019-ല്‍ ടെസ്റ്റ് കരിയര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സെഞ്ചുറി നേടാനാകാത്തത് വലിയൊരു കുറവായി അവശേഷിക്കുന്നു. 18 ടെസ്റ്റുകളില്‍ നിന്നായി 6 അര്‍ധസെഞ്ചുറികള്‍ താരം നേടിയിട്ടുണ്ട്. 2021-22 ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളിലും അദ്ദേഹം തുടര്‍ന്ന് കളിക്കും. കൂടാതെ ദക്ഷിണാഫ്രിക്കയുടെ അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുന്നതിനും മെന്റര്‍ ചെയ്യുന്നതിനും അദ്ദേഹം സമയം കണ്ടെത്തും.
‘റാസിയുടെ പൈതൃകം ഗ്രൗണ്ടിലെ പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഡ്രസ്സിംഗ് റൂമിലെ ശക്തമായ ശബ്ദമായിരുന്നു അദ്ദേഹം. ഒരു മാതൃകാപരമായ കായികതാരമായാണ് അദ്ദേഹം ടീമിനെ നയിച്ചത് എന്ന് ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ ഡയറക്ടറായ ഇനോക്ക് എന്‍ക്വെ പറഞ്ഞു.















