ഹനംകൊണ്ട (തെലങ്കാന): ആണ്‍കുട്ടികളില്ലാത്തതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഫര്‍ഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് പെണ്‍മക്കളുള്ള അസറുദ്ദീന്‍ മൂന്നാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിന് ഇയാള്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും ഇല്ലാതാക്കാന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനു മുന്‍പ് രണ്ട് തവണ ഭാര്യയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കൃത്യം നടത്തുന്നതിന് മുന്‍പ് വീട്ടിലെ സിസിടിവി ക്യാമറകള്‍ അസറുദ്ദീന്‍ ബോധപൂര്‍വ്വം ഓഫാക്കിയിരുന്നു. മൂവരും നീന്തല്‍ക്കുളത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അസറുദ്ദീന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
നീന്തല്‍ക്കുളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് മൂവരെയും ഇയാള്‍ കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബത്തിനകത്തെ ലിംഗവിവേചനവും ക്രൂരതയും എത്രത്തോളം ഭയാനകമാകാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.















