തിരുവനന്തപുരം: ആനയറയിൽ ക്ഷേത്രപരിസരത്ത് മേൽശാന്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. കടകംപള്ളി ആനയറ മുല്ലൂർ ക്ഷേത്രം മേൽശാന്തി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാര ലംഘനം വിഷ്ണു ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളായ സിപിഎം നേതാക്കൾ ശാന്തിയെ കൊണ്ട് മാപ്പ് പറയിച്ചു. ഇതിൽ മനംനൊന്താണ് വിഷ്ണു ആത്മഹത്യ ചെയ്തത്. വിഷ്ണു പോറ്റിയുടെ സുഹൃത്ത് ദേവൻ പോറ്റിയാണ് ജനം ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്സവ സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കടകംപളളി സുരേന്ദ്രൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. അദ്ദേഹം തീർത്ഥം കൈയിൽ വാങ്ങി കഴുകി കളഞ്ഞു. കാണാത്ത രീതിയിൽ കളഞ്ഞെങ്കിൽ സാരമില്ല. കഴുകി കളഞ്ഞപ്പോൾ സ്വാഭാവികമായും മേൽശാന്തിക്ക് പ്രയാസമായി. സംഭവം നടന്ന സമയത്ത് തന്നെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
വിശ്വാസമില്ലെങ്കിൽ ക്ഷേത്രത്തിൽ എത്തുന്നത് എന്തിനാണെന്നും തീർത്ഥം കൈയിൽ വാങ്ങി തുടച്ചു കളഞ്ഞ് അവഹേളിച്ചത് മോശമായി പോയെന്നും അവിടെ നിന്ന ആളുകളോടൊക്കെ പറഞ്ഞു. ആചാര ലംഘനം അദ്ദേഹം ചോദ്യം ചെയ്ത കാര്യം ക്ഷേത്രം ഭാരവാഹികൾ അറിഞ്ഞു. അങ്ങനെയൊരു കാര്യം കടകംപള്ളി ചെയ്തിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും അവർ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉത്സവത്തിന്റെ അവസാന ദിവസം പുറത്തെഴുന്നള്ളിപ്പിൽ നിന്നും മേൽശാന്തിയെ മാറ്റി നിർത്തി. കടുത്ത മാനസിക പ്രയാസം കൊണ്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ തന്നെ ജീവനൊടുക്കിയത്. വിഷ്ണു ഒരു ഭീരുവല്ല, അത്രയും മാനസിക പ്രയാസം ഉണ്ടായത് കൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്, ദേവൻ പോറ്റി പറഞ്ഞു.
ക്ഷേത്ര പരിസരത്തെ ശാന്തിമഠത്തിനുള്ളിലാണ് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ്, ഉത്തമി എന്നിവരാണ് തന്റെ മരണത്തിന് കാരണം എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സിപിഎം നേതാക്കളായ ഇവർ ക്ഷേത്രം ഭാരവാഹികളാണ്. കഴിഞ്ഞ് 15 വർഷമായി ക്ഷേത്രം മേൽശാന്തിയാണ് വിഷ്ണു പോറ്റി.















