കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്‌ക്ക് കൈമാറാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു. ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയിലാണ് നടപടി. ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി നഗരസഭയ്‌ക്ക് വാർഷിക വാടകയ്‌ക്ക് പാട്ടത്തിന് നൽകാനായിരുന്നു ശ്രമം. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ സ്ഥിതി ചെയ്യുന്ന ഭൂമിയാണിത്. ഇവിടെ കൊട്ടാരക്കര സാംസ്‌കാരികനിലയം സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ നീക്കം.
ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള വസ്തു റവന്യൂ പുറമ്പോക്ക് എന്ന് പേരിലായിരുന്നു കൈമാറ്റത്തിനുള്ള നീക്കം നടന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ അപേക്ഷയ്‌ക്ക് പിന്നാലെ സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.എന്‍. ബാലഗോപാൽ ഇടപെട്ട് നടപടി വേഗത്തിലാക്കുകയായിരുന്നു.
വന്യു വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായത്. പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം ദേവസ്വം ഭൂമി ആണെന്ന വാദം കോടതി ശരിവെച്ചു. 1922 മുതൽ ദേവസ്വത്തിന്റെ കൈവശമുള്ളതാണ് ഭൂമി. സർക്കാർ, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ദേവസ്വം ബോർഡ് എന്നിവരോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു ഹർജി വീണ്ടും മെയ് 19 ന് പരിഗണിക്കും. അഡ്വ. വി. സജിത്കുമാറാണ് ഹിന്ദുഐക്യവേദിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
മുൻപ് നഗരസഭ ഇതേ വസ്തുവിൽ കൊട്ടാരക്കര ശ്രീധരന്‍നായരുടെ പ്രതിമ സ്ഥാപിച്ചതും വിവാദമായിരുന്നു. തുടർന്ന് ഹിന്ദു ഐക്യവേദിയുടെ ഇടപെടലിലൂടെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം എടുത്തുമാറ്റുകയായിരുന്നു.















