കോഴിക്കോട് : കൊയിലാണ്ടിയിൽ ദേശീയപാതയിൽ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 12.30-ഓടെ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മടപ്പള്ളി കോളേജിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറം എം.എസ്.പിയിലേക്ക് മടങ്ങുകയായിരുന്ന പോലീസുകാരുടെ ബസ്സാണ് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകരുകയും ഡ്രൈവർമാർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അപകടം നടന്ന സമയത്ത് ദേശീയപാതയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പോലീസ് ഇടപെട്ട് ഉടൻ തന്നെ പുനഃസ്ഥാപിച്ചു.















