കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി. അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ തുടങ്ങിയ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി . ബികോംകാരനായ ഐടി തലവനെയും മലയാളം അധ്യാപികയായ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറെയും തല്‍സ്ഥാനത്ത് നിന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് മാറ്റി ഉത്തരവായി. സര്‍വകലാശാലയിലെ സിപിഎം ഫ്രാക്ഷന്റെ നിര്‍ദേശപ്രകാരം മുന്‍ വൈസ് ചാന്‍സര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരിയാണ് ഇവരെ ഈ തസ്തികകളില്‍ നിയമിച്ചത്.
കേവല യോഗ്യത പോലുമില്ലാത്ത ഇവര്‍ സര്‍വകലാശാലയ്‌ക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടമാണെന്നാണ് ആരോപണം. ബികോം യോഗ്യതയുമായി സര്‍വകലാശാലയില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച എച്ച്. മുഹമ്മദ് ഹാരിസിനെയാണ് ഐടി ഹെഡ് തസ്തികയില്‍ നിന്നും നീക്കിയത്. പ്രസാധനത്തില്‍ പ്രൊഫഷണലായി യാതൊരു പരിചയവുമില്ലാതെ സീനിയര്‍ പബഌക്കേഷന്‍ ഓഫീസര്‍ തസ്തികയില്‍ തുടര്‍ന്നിരുന്ന പ്രൊഫ. വി. ലിസി മാത്യുവിനെയും നീക്കം ചെയ്തു.
അനധ്യാപക തസ്തികയായി സര്‍ക്കാരില്‍ നിന്നും 2005ല്‍ അനുമതി ലഭിച്ചിരിക്കുന്ന സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ തസ്തിക 2021 മുതല്‍ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ അധിക ചുമതലയായി കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രസാധന മേഖലയില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് പിഎസ്‌സിക്ക് വിട്ടിരിക്കുന്ന ഈ തസ്തികയുടെ യോഗ്യത. എന്നാല്‍ തങ്ങളുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കും പാര്‍ട്ടി താല്പര്യങ്ങള്‍ക്കുമായി സര്‍വകലാശാലയുടെ പബ്ലിക്കേഷന്‍ വിഭാഗത്തെ ദുരുപയോഗിക്കുകയായിരുന്നു.
സിപി എം സഹയാത്രികരായ സാഹിത്യകാരന്മാരുടെയും അധ്യാപകരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പ്രഭാ വര്‍മ്മ ഉള്‍പ്പെടെയുള്ളവരുടെയും പുസ്തകങ്ങളാണ് സര്‍വകലാശാലയുടെ ചെലവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലക്ഷങ്ങളാണ് സര്‍വകലാശാല ഇതിനായി പബ്ലിക്കേഷന്‍ വിഭാഗത്തിനായി ബജറ്റില്‍ മാറ്റി വയ്‌ക്കുന്നത്.
2017ല്‍ സര്‍വകലാശാല പ്രസിലേയ്‌ക്ക് വാങ്ങിയ ഒരു ഉപകരണം ഇപ്പോഴും എന്താണെന്ന് പോലും അറിയാതെ കവര്‍ പോലും അഴിക്കാതെ പ്രസില്‍ അനാഥമായുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഇതുവരെ 52 പുസ്തകങ്ങള്‍ സര്‍വകലാശാല പ്രസാധനം ചെയ്തു. അധികവും സിപിഎം അനുകൂല എഴുത്തുകാരുടെതാണ്. അച്ചടിച്ച പുസ്തകങ്ങളില്‍ ഏറെയും ചെലവാകാതെ കിടക്കുകയാണ്. പ്രീഡിഗ്രിയും ഡിഗ്രിയും പാസാകാതെ ഒറ്റയടിക്ക് പിജി പഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ സര്‍വകലാശാലയിലെ ഒരു അധ്യാപകന്റെ പിഎച്ച്ഡി പ്രബന്ധവും കെട്ടിക്കിടക്കുന്ന പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍വകലാശാലയിലെ ജേര്‍ണലുകളുടെ പ്രസാധനത്തില്‍ വന്‍ ക്രമക്കേടും ധൂര്‍ത്തുമാണ് നടന്നിരിക്കുന്നതെന്നും ആരോപണമുണ്ട്.














