തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ തല്ലിക്കൊന്നു. കോളിയൂർ സ്വദേശി സുമനാണ് മരിച്ചത്. ബാറിലുണ്ടായ വാക്കു തർക്കത്തേത്തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ക്രൂരതയുടെ ദൃശ്യങ്ങളും പുറത്ത് വന്നു.
ദേശീയപാത-66 ന് സമീപം വിഴിഞ്ഞം മുക്കോല ബാറിനകത്ത് വെച്ചായിരുന്നു വാക്ക് തർക്കമുണ്ടായത്. ബാറിൽ നിന്നും പുറത്തിറങ്ങിയ സംഘം നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സുമന്റെ നെഞ്ചിലും മുഖത്തും ഇടിക്കുകയും കഴുത്തിൽ ചവിട്ടുകയും ചെയ്യുന്നച് ദൃശ്യങ്ങളിലുണ്ട്. വീഡിയോ പകർത്തിയ ആൾ മരിച്ചു എന്ന് പറയുമ്പോൾ പോലും കഴുത്തിനും മുഖത്തും ചവിട്ടുന്നത് കാണാം.
സുമൻ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നെ മരണപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അച്ചു എസ് ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.















