മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍കാല വിസ്മയം വിനോദ് കാംബ്ലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. തലച്ചോറിലെ രക്തം കട്ടപിടിക്കലിനെത്തുടര്ന്നുണ്ടായ സങ്കീര്‍ണ്ണതകള്‍ താരത്തെ വിട്ടുമാറാത്ത മറവിരോഗത്തിലേക്കും ശാരീരിക അവശതകളിലേക്കും നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയില്‍ തുടരുന്ന താരത്തിന്റെ നിലവില്‍ ആശങ്കയുണ്ടെന്ന് അടുത്ത സുഹൃത്തായ മാര്‍ക്കസ് ഔട്ടോ വ്യക്തമാക്കി.
മറവിരോഗം മൂലം പല കാര്യങ്ങളും പെട്ടെന്ന് വിസ്മൃതിയിലാകുന്നത് കാംബ്ലിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മദ്യപാന ശീലം പൂര്‍ണ്ണമായും ഉപേക്ഷിച്ചത് ആശ്വാസകരമാണെങ്കിലും, നിലവിലെ സാഹചര്യത്തില്‍ പുകവലിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ പരസഹായമില്ലാതെ നടക്കാന്‍ പ്രയാസപ്പെടുന്ന താരം വടിയുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.
കാംബ്ലിയുടെ ദുരവസ്ഥ അറിഞ്ഞതോടെ സഹായഹസ്തവുമായി മുന്‍നിര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ് എന്നിവരടങ്ങുന്ന 1983-ലെ ലോകകപ്പ് ജേതാക്കളുടെ സംഘം കാംബ്ലിക്കായി പ്രത്യേക മെഡിക്കല്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യുകയാണ്. കഴിഞ്ഞ ഡിസംബറില്‍ സച്ചിന് ടെണ്ടുല്‍ക്കറോടൊപ്പം പൊതുവേദിയിലെത്തിയപ്പോള്‍ കണ്ട കാംബ്ലിയുടെ രൂപം ആരാധകര്‍ക്കിടയില്‍ വലിയ വിഷമമുണ്ടാക്കിയിരുന്നു.
ശാരീരിക വെല്ലുവിളികള്‍ക്കിടയിലും തളരാത്ത മനക്കരുത്തുമായി കാംബ്ലി മടങ്ങി വരവിന് ശ്രമിക്കുന്നുണ്ട്. മഹിം ജുവനൈല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അടുത്തിടെ നടന്ന ഒരു ഐസ്ക്രീം പരസ്യചിത്രീകരണത്തില്‍ അദ്ദേഹം പങ്കെടുത്തു. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ അദ്ദേഹം മാനസികമായി മികച്ച നിലയിലാണെന്നും, കൃത്യമായ ചികിത്സയും വിശ്രമവും വഴി താരം ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലുമാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.















