കണ്ണൂർ: ആർഎസ്എസ്റെ പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് കഠിനതടവും പിഴയും. കുറ്റവാളികളായ തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയും, ഷഫീഖിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.
2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസ് ക്ലീനർ ആയിരുന്ന റെജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ടെൻഷൻ ശ്രീജിത്ത് ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. പിഴ അടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേർ പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം.















