രാധപുരം: ഭാരതം സമാധാനപ്രിയരായ രാഷ്‌ട്രമാണെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും തൊട്ടുവിളിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിലെ രാധപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ആരെയും അനാവശ്യമായി പ്രകോപിപ്പിക്കാറില്ല. എന്നാല്‍ നമ്മെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കാന്‍ രാജ്യം മടിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ക്കെതിരെ സൈന്യം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നടപടിയെ അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് നല്‍കിയ ആ മറുപടി ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ അടയാളമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയുടെ സൈനിക കരുത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ‘നമ്മള്‍ ആരെയും ഉപദ്രവിക്കാന്‍ പോകാറില്ല. എന്നാല്‍ ആരെങ്കിലും ഭാരതത്തിന്റെ മണ്ണില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരെ വെറുതെ വിടില്ല. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് രാജ്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഭാരതം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയത്. പാക് അധിനിവേശ കശ്മീരിലെ ഒമ്പതോളം ഭീകര താവളങ്ങള്‍ തകര്‍ത്തുകൊണ്ട് ലഷ്‌കര്‍, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ക്ക് സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന. സംസ്ഥാനത്ത് ഏപ്രില്‍ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് ഫലം പുറത്തുവരും.















