വാഷിംഗ്ടൺ: കൊല്ലപ്പെട്ടിട്ട് 50 ദിവസം കഴിഞ്ഞിട്ടും പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇറാന് കഴിഞ്ഞില്ല. ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് 86 കാരനായ ഖമേനി കൊല്ലപ്പെട്ടത്.
പിന്നാലെ മൂന്ന് ദിവസത്തെ ദുഃഖാചരണവും മാർച്ച് 3 ന് സംസ്കാരവും നിശ്ചയിച്ചിരുന്നു. എന്നാൽ സംസ്കാര ചടങ്ങിനിടെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്ന് ചടങ്ങ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയായിരുന്നു. ഖമേനി മരിച്ച് രണ്ട് മാസത്തോളമായിട്ടും മൃതദേഹം അടക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ ദുർബലതയുടെ തെളിവായി നിരീക്ഷകർ വിലയിരുത്തുന്നു.
കൂടാതെ ഖമേനിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്താബ ഖമേനി പൊതവേദിയിൽ പ്രത്യക്ഷപ്പെടാത്തതും വലിയ രീതിയിലുള്ള കിംവദന്തികൾക്കിടയാക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ മൊജ്താബയുടെ ആരോഗ്യനില വഷളാണെന്നും അതിനാലാണ് സംസ്കാരം നടക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഖമേനിയുടെ ജന്മനാടായ തുർക്ക്മെനിസ്ഥാൻ അതിർത്തിക്കടുത്തുള്ള മഷ്ഹാദിൽ ഖമേനിയുടെ സംസ്കാരം നടത്താനാണ് ഇറാൻ ഇപ്പോൾ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ട്. ഇസ്രായേലിന് അത്രപെട്ടെന്ന് ഇവിടേക്ക് എത്തിപ്പെടാൻ കഴിയില്ല, എന്നതിനാലാണ് ഇറാൻ ഭരണകൂടം ഇവിടം പരിഗണിക്കുന്നത്.















