ഗാന്ധിനഗര്‍: ഇന്ത്യയില്‍ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ‘ഗസ്വ-ഇ-ഹിന്ദ്’ എന്ന പേരില്‍ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് വലയിലായത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് ഭാരവാഹികളെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഗുജറാത്തിലെ പഠാന്‍ ജില്ലയിലുള്ള സിദ്ധ്പൂര്‍ സ്വദേശി ഇര്‍ഫാന്‍ കാലേഖാന്‍ പഠാന്‍, മുംബൈ സാകിനാക്ക സ്വദേശി മുര്‍ഷിദ് സാഹിദ് അക്തര്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മഹാരാഷ്‌ട്ര പോലീസിന്റെ സഹായത്തോടെ മുംബൈയില്‍ നിന്നാണ് മുര്‍ഷിദിനെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്.
ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇവര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭീകരസംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ എത്തിക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താനും ഇവര്‍ ശ്രമിച്ചിരുന്നതായി എടിഎസ് കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധമായ ചാറ്റുകള്‍, പ്രകോപനപരമായ വീഡിയോകള്‍, തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ രേഖകള്‍ എന്നിവ ഇവരുടെ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക (സെക്ഷന്‍ 148), ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 61) തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കൈകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എടിഎസ് നീക്കം. കേന്ദ്ര ഏജന്‍സികളും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗുജറാത്ത് എടിഎസില്‍ നിന്ന് തേടിയിട്ടുണ്ട്.















