45,000 രൂപയുടെ പാവാടയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു. റാൽഫ് ലോറന്റെ പുതിയ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന “പ്രിന്റ് കോട്ടൺ റാപ്പ് സ്കർട്ട്” ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 500 രൂപയ്‌ക്ക് കിട്ടുന്ന പാവാടയാണ് 45,000 രൂപയ്‌ക്ക് പ്രീമിയം ഡിസൈൻ എന്ന് പറഞ്ഞ് ബഹുരാഷ്‌ട്ര ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. മൾട്ടി കളർ ടൈ-ഡൈ ഡിസൈനിലുള്ള ഈ പാവാടയ്‌ക്ക് 44,800 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്.
ഈ വസ്ത്രത്തെക്കുറിച്ച് റാൽഫ് ലോറൻ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “പരമ്പരാഗതമായ ‘ബാന്ധ്നി’ ടൈ-ഡൈ രീതികളിൽ നിന്നും മോട്ടിഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ് മനോഹരമായ ഈ കോട്ടൺ സ്കർട്ട്. ഓരോ ചുവടിലും സുഗമമായ ചലനം നൽകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.”
ഇന്ത്യൻ ഡിസൈനുകളെ റാൽഫ് ലോറൻ മോഷ്ടിക്കുകയാണെന്നാണ് പ്രധാന വിമർശനം. ദക്ഷിണേഷ്യൻ രാജ്യങ്ങൾ കാലങ്ങളായി ആഗോള ഡിസൈനർമാർക്ക് എംബ്രോയിഡറിയിലും തുണിത്തരങ്ങളിലും വലിയ പ്രചോദനമാകാറുണ്ട്. എന്നാൽ പലപ്പോഴും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് അർഹമായ അംഗീകാരമോ ക്രെഡിറ്റോ ലഭിക്കാറില്ല. ഏത് രാജ്യത്തുനിന്നാണോ ഈ ഡിസൈനുകൾ കടമെടുത്തത് ആ രാജ്യത്തിന്റെ പേര് പോലും പരാമർശിക്കാതെയാണ് വൻകിട ബ്രാൻഡുകൾ ഇവ വൻ വിലയ്‌ക്ക് വിറ്റഴിക്കുന്നത്.
ഇന്ത്യൻ ഡിസൈനുകൾക്ക് അർഹമായ അംഗീകാരം നൽകാതെ ആഗോള ഫാഷൻ ബ്രാൻഡുകൾ അവ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ഇറ്റാലിയൻ ഫാഷൻ ഹൗസായ ‘പ്രാഡ’ പുറത്തിറക്കിയ ‘ടി-സ്ട്രാപ്പ്’ ചെരുപ്പുകൾ ഇന്ത്യയിലെ പരമ്പരാഗതമായ ‘കോലാപ്പൂരി ചപ്പലുകൾക്ക്’ സമാനമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഡിസൈൻ മോഷ്ടിച്ചുവെന്നും സാംസ്കാരികമായ കടന്നുകയറ്റം നടത്തിയെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏകദേശം 1.2 ലക്ഷം രൂപയായിരുന്നു പ്രാഡ ഈ ചെരുപ്പുകൾക്ക് വിലയിട്ടിരുന്നത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രാഡ ഗ്രൂപ്പ് ഒടുവിൽ മാപ്പ് പറയുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
2019 മുതൽ കോലാപ്പൂരി ചപ്പലുകൾക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ കോലാപ്പൂർ, സോലാപ്പൂർ, സാംഗ്ലി, സത്താറ എന്നീ ജില്ലകളും കർണാടകയിലെ ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, വിജയപുര എന്നീ ജില്ലകളുമാണ് ഇതിന്റെ പരിധിയിൽ വരുന്നത്. ഈ പ്രദേശങ്ങളിൽ നിന്ന് നേരിട്ട് സംഭരിച്ചവയാണെങ്കിൽ മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ സ്വന്തം വിലയ്‌ക്ക് വിൽക്കാൻ പ്രാഡയ്‌ക്ക് നിയമപരമായി സാധിക്കുമായിരുന്നുള്ളൂ.
ജി.ഐ ടാഗ് പോലുള്ള സുരക്ഷാ കവചങ്ങൾ നിലവിലുണ്ടെങ്കിലും, വൻകിട ബ്രാൻഡുകൾ പലപ്പോഴും ഇവ ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബാന്ധ്നിയും കോലാപ്പൂരിയും പോലുള്ള തനിമയുള്ള കലാരൂപങ്ങൾ ക്രെഡിറ്റ് നൽകാതെ വിപണനം ചെയ്യുന്നത് വെറുമൊരു കച്ചവടമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ സാംസ്കാരിക സ്വത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.















