തൃശ്ശൂര്‍: വെള്ളാങ്ങല്ലൂരില്‍ കുടിക്കാന്‍ വാങ്ങിയ ജീരകസോഡ കുപ്പിയില്‍ പാമ്പിനെ കണ്ടെത്തി. സോളാര്‍ പാനല്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വാങ്ങിയ കുപ്പിയിലാണ് ചത്ത പാമ്പിനെ കണ്ടത്. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവിഭാഗം കട താല്‍ക്കാലികമായി പൂട്ടിച്ചു.
കഠിനമായ ചൂടില്‍ നിന്ന് ആശ്വാസം തേടിയാണ് തൊഴിലാളികള്‍ സമീപത്തെ കടയില്‍ നിന്നും ജീരകസോഡ വാങ്ങിയത്. കുപ്പിയുടെ അടപ്പ് തുറന്ന് കുടിക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉള്ളില്‍ അസ്വാഭാവികമായ ഒന്ന് ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അത് പാമ്പിന്റെ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് പാനീയം ഉള്ളില്‍ച്ചെല്ലുന്നതിന് മുന്‍പ് വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വിവരമറിഞ്ഞ ഉടന്‍ തന്നെ യുവാക്കള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതര്‍ കട പരിശോധിക്കുകയും താല്‍ക്കാലികമായി പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കടയുടമയ്‌ക്ക് ആരോഗ്യവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാനീയത്തിന്റെ നിര്‍മ്മാണ യൂണിറ്റിനെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൂട് കൂടുന്ന സാഹചര്യത്തില്‍ വിപണിയില്‍ ലഭിക്കുന്ന പാനീയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.















