കൊച്ചി: കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ശനിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കോടതി അവധിയായതിനാല്‍ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനാണ് കൊണ്ടുപോയത്. പറവൂരിലെ മജിസ്ട്രേറ്റിന്റെ വീടിന് സമീപമെത്തിയപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടത്.
പ്രതികള്‍ ഓടിപ്പോയതോടെ പൊലീസ് പ്രദേശം വളയുകയും വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. സമീപത്തെ കനാലില്‍ ഒളിച്ചിരിക്കുകയായിരുന്ന സൂരജിനെ പൊലീസ് സാഹസികമായി പിടികൂടി. എന്നാല്‍ കൂട്ടുപ്രതിയായ റസല്‍ മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നു. രണ്ടാം പ്രതി റസല്‍ പ്രദേശത്തുതന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ രക്ഷപെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.















