മുള്ളന്‍പൂര്‍: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെതിരെ ഐപിഎല്‍ അധികൃതരുടെ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ച താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്രസിങ് റൂമിലിരുന്ന പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായതോടെ ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇടപെടുകയായിരുന്നു. കളിയുടെ മാന്യതയ്‌ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന് ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരമുള്ള ‘ലെവല്‍ 1’ കുറ്റമാണ് ചുമത്തിയത്. മാച്ച് റഫറി അമിത് ശര്‍മ്മയ്‌ക്ക് മുന്നില്‍ താരം കുറ്റം സമ്മതിച്ചു. അംപയര്‍മാരായ നിതിന്‍ മേനോനും തന്മയ് ശ്രീവാസ്തവയുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
താരത്തിനെതിരെ നടപടി എടുത്തതിന് പിന്നാലെ മാച്ച് റഫറിക്കെതിരെയും അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. ഇന്ത്യയില്‍ 2019 മുതല്‍ നിരോധിച്ചിട്ടുള്ള ഇ-സിഗരറ്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ പരിശോധനകള്‍ മറികടന്ന് എങ്ങനെ ഡ്രസിങ് റൂമിലെത്തി എന്നതിലാകും വിശദീകരണം തേടുക. രാജ്യത്ത് ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവയ്‌ക്ക് നിയമപരമായ നിരോധനമുണ്ട്. കര്‍ശന സുരക്ഷാ പരിശോധനകള്‍ നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ക്യാപ്റ്റന്‍ തന്നെ നിരോധിത വസ്തു ഉപയോഗിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പരാഗിന് അപ്രതീക്ഷിതമായി ലഭിച്ച ഈ ശിക്ഷാ നടപടി ടീമിനും കനത്ത തിരിച്ചടിയായി. വരും മത്സരങ്ങളില്‍ താരത്തിന്റെ പെരുമാറ്റം കര്‍ശന നിരീക്ഷണത്തിലായിരിക്കും.















