അഹമ്മദാബാദ്: ഭീതിയും അന്ധവിശ്വാസവും കൂടിക്കലർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. മൂന്ന് പതിറ്റാണ്ട് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വത്വയിലെ ഖുതുബ്നഗറിലുള്ള ഒരു ‘പ്രേതാലയത്തിൽ’ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.
1992-ൽ കൊല്ലപ്പെട്ട ഫർസാന രാധൻപുരി എന്ന മുംബൈ സ്വദേശിനിയുടെ ഭൗതികാവശിഷ്ടങ്ങൾ വർഷങ്ങൾ പഴക്കമുള്ള ഒരു സെപ്റ്റിക് ടാങ്കിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഒരു മഴയുള്ള രാത്രിയിലാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. കാമുകനായ ഷംസുദ്ദീൻ ഖേദാവാലയുമായി സ്വത്ത് തർക്കത്തിൽ ഏർപ്പെട്ട ഫർസാനയെ, ഷംസുദ്ദീനും സഹോദരൻ ഇഖ്ബാലും മറ്റ് രണ്ട് കൂട്ടാളികളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, മൃതദേഹം ഖുതുബ്നഗറിലെ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി മണലും സിമന്റും ഉപയോഗിച്ച് സീൽ ചെയ്തു. കാലങ്ങൾ കടന്നുപോയതോടെ ഈ കുറ്റകൃത്യം എല്ലാവരും മറന്നെങ്കിലും, പ്രതികളെ വേട്ടയാടിയത് അവർ തന്നെ വിശ്വസിച്ച “പ്രേതബാധ” ആയിരുന്നു.
ഫർസാനയുടെ ആത്മാവ് ആ വീട്ടിൽ അലഞ്ഞുതിരിയുന്നുണ്ടെന്നും തങ്ങളെ വേട്ടയാടുന്നുണ്ടെന്നും പ്രതികളുടെ കുടുംബാംഗങ്ങൾ വിശ്വസിച്ചു. പ്രധാന പ്രതിയായ ഷംസുദ്ദീൻ 2015-ൽ ഹൃദയാഘാതം മൂലം മരിച്ചതും മറ്റു പ്രതികളുടെ മരണവും ഈ ഭീതി വർധിപ്പിച്ചു. ഇതോടെ ആ വീട് നാട്ടുകാർക്കിടയിൽ ‘ഭൂത് ബംഗ്ല’ എന്ന് അറിയപ്പെടാൻ തുടങ്ങി. ഭീതി സഹിക്കവയ്യാതെ പ്രതികളുടെ ബന്ധുക്കൾ ആത്മാവിനെ ശാന്തമാക്കാൻ കൂടോത്രങ്ങളും മന്ത്രവാദ കർമ്മങ്ങളും അവിടെ നടത്തിവരികയായിരുന്നു.
പ്രേതാലയത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അറിഞ്ഞ ക്രൈംബ്രാഞ്ച്, ഇതിന് പിന്നിൽ ഒരു വലിയ കുറ്റകൃത്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയ പോലീസ്, രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ച വീട് റെയ്ഡ് ചെയ്യുകയും സെപ്റ്റിക് ടാങ്ക് കുഴിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഖനനത്തിനൊടുവിൽ ഫർസാനയുടേതെന്ന് കരുതുന്ന പല്ലുകളും അസ്ഥികളും പോലീസ് കണ്ടെടുത്തു.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ കേസ് തെളിയാൻ കാരണമായത് പ്രതികളുടെ തന്നെ കുറ്റബോധവും ഭയവുമാണ്. കണ്ടെടുത്ത അസ്ഥികൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. 34 വർഷങ്ങൾക്ക് ശേഷം ആ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തപ്പോൾ തെളിഞ്ഞത് വിശ്വാസങ്ങൾക്കും അപ്പുറം സത്യം എന്നെങ്കിലും പുറത്തുവരും എന്നതുകൂടിയാണ്.















