തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പ്രചാരണങ്ങള്‍ കണ്ട് ഇന്ത്യയെ വിലയിരുത്തുന്നവര്‍ക്ക് മറുപടിയുമായി വിദേശ സഞ്ചാരിയായ ജാക്ക് ഹീറ്റണ്‍. കേരളത്തിലൂടെയുള്ള യാത്രയ്‌ക്കിടെ തന്റെ കാലിന് പരിക്കേറ്റപ്പോള്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ തന്നെ സഹായിക്കാനോടിയെത്തിയ മലയാളി നാട്ടുകാരുടെ സ്‌നേഹമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ജാക്ക് പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
യാത്രയ്‌ക്കിടെ കാലിന് പരിക്കുപറ്റിയ ജാക്കിനെ തൊട്ടടുത്തുള്ള അപരിചിതരായ നാട്ടുകാര്‍ ചേര്‍ന്ന് പരിചരിക്കുന്നതാണ് വീഡിയോയിലുള്ളത്. വേദനയോടെ ഇരുന്ന ജാക്കിന്റെ മുറിവില്‍ മരുന്ന് വെച്ചുകൊടുക്കുന്നതും, വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ മുന്‍പരിചയം പോലുമില്ലാത്ത നാട്ടുകാര്‍ ഇത്രയധികം കരുതല്‍ കാണിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജാക്ക് പറയുന്നു.
‘തട്ടിപ്പുകളും മാലിന്യവും നിറഞ്ഞതാണ് ഇന്ത്യ എന്ന് കരുതിയിരുന്നവര്‍ ഇത് കാണുക,’ എന്ന ആമുഖത്തോടെയാണ് ജാക്ക് തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പലപ്പോഴും മോശമായ ചിത്രങ്ങളാണ് പ്രചരിക്കാറുള്ളതെന്നും എന്നാല്‍ നേരിട്ടുള്ള അനുഭവം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യ പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നല്ല, പക്ഷേ ഓണ്‍ലൈനില്‍ കാണുന്നത് പോലെ അത്ര മോശമല്ല ഇവിടം. തന്റെ അനുഭവത്തില്‍ 99% മനുഷ്യരും അത്യധികം ദയയുള്ളവരും മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യമുള്ളവരുമാണ്. മികച്ച ഭക്ഷണവും അതിമനോഹരമായ കാഴ്ചകളും നിറഞ്ഞതാണ് ഈ രാജ്യം.ഒരു സ്ഥലത്തെക്കുറിച്ച് മുന്‍ധാരണകള്‍ പുലര്‍ത്തുന്നതിന് മുന്‍പ് അവിടെ നേരിട്ട് പോയി അനുഭവിച്ചറിയണം. ഇന്ത്യയിലെയും വിശേഷിച്ച് കേരളത്തിലെയും സ്‌നേഹനിധികളായ മനുഷ്യരുടെ വിശേഷങ്ങള്‍ താന്‍ ഇനിയും ലോകത്തെ അറിയിക്കുമെന്ന് പറഞ്ഞാണ് ജാക്ക് വീഡിയോ അവസാനിപ്പിക്കുന്നത്.















