മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് ഇനി ആഗോള സ്റ്റീല്‍ ഭീമന് ലക്ഷ്മി എന്‍. മിത്തലിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്കും സ്വന്തം. ഏകദേശം 15,600 കോടി രൂപ (165 കോടി ഡോളര്‍) മൂല്യം കണക്കാക്കുന്ന കരാറിലൂടെയാണ് നിലവിലെ ഭൂരിഭാഗം ഓഹരി ഉടമയായ മനോജ് ബാദലെയില്‍ നിന്ന് ടീമിനെ ഇവര്‍ ഏറ്റെടുത്തത്.
മിത്തല്‍ കുടുംബത്തിന് ടീമിന്റെ 75 ശതമാനം ഓഹരികളും സ്വന്തമാക്കി പ്രമുഖ നിക്ഷേപകരായി മാറും. അദാര്‍ പൂനാവാലയ്ക്ക് 18 ശതമാനം ഓഹരികളാണ് പൂനാവാല ഗ്രൂപ്പിന് ഉണ്ടാവുക. മനോജ് ബാദലെയിക്ക് ശേഷിക്കുന്ന ഓഹരികള്‍ നിലവിലെ ഉടമ മനോജ് ബാദലെയും മറ്റ് ചെറുകിട നിക്ഷേപകരും കൈവശം വയ്ക്കും. ഈ ഏറ്റെടുക്കല്‍ വെറും ഐപിഎല്‍ ടീമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജസ്ഥാന് റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കന്‍ ലീഗിലെ ‘പാള്‍ റോയല്‍സ്’, കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ‘ബാര്‍ബഡോസ് റോയല്‍സ്’ എന്നിവയും പുതിയ ഉടമകളുടെ കീഴിലാകും.
ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍, വാനിഷ മിത്തല്‍ ഭാട്ടിയ, അദാര്‍ പൂനാവാല എന്നിവര്‍ ടീമിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകും. ബിസിസിഐയുടെ സാങ്കേതികാനുമതി ലഭിക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും. ‘റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഐപിഎല്ലില്‍ നടക്കുന്ന രണ്ടാമത്തെ വമ്പന്‍ ഇടപാടുകൂടിയാണിത്.
ആര്‍സിബിയെ വാങ്ങാന്‍ പൂനാവാല ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജസ്ഥാന് റോയല്‍സിലേക്ക് ശ്രദ്ധ തിരിച്ചത്.’ ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കായിക ലീഗുകളില്‍ ഒന്നായി ഐപിഎല്‍ മാറിയതിന്റെ തെളിവാണ് പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്കിടയില്‍ ടീമുകള്‍ക്കായി നടക്കുന്ന ഈ മത്സരം. വന്‍കിട ബിസിനസ്സ് സാമ്രാജ്യങ്ങള്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസികളെ ഏറ്റെടുക്കുന്നത് ലീഗിന്റെ ബ്രാന്‍ഡ് മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.















