തിരുവനന്തപുരം: ആഗോള സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്തുറ്റ മുഖമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻഷിപ്മെന്റ് ഹബ്ബുകളിൽ ഒന്നായി മാറാനുള്ള സകല ശേഷിയും വിഴിഞ്ഞത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് അദാനി ഗ്രൂപ്പ് ജീവനക്കാരുമായി നടത്തിയ സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യയെ ലോക വ്യാപാര ഭൂപടത്തിന്റെ നെറുകയിലെത്തിക്കാൻ വിഴിഞ്ഞം തുറമുഖം സഹായിക്കുമെന്ന് അദാനി പറഞ്ഞു. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം വിഴിഞ്ഞത്തിന് വലിയ മുൻതൂക്കം നൽകുന്നുണ്ട്.
കേരളത്തിലെ ഉൾപ്പെടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് ലക്ഷത്തോളം വരുന്ന ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതുവരെ ഏകദേശം 2 ലക്ഷം കോടി രൂപയുടെ ആസ്തി ഗ്രൂപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ 2 ലക്ഷം കോടി രൂപയുടെ അധിക ആസ്തി കൂടി ലക്ഷ്യമിടുന്നുണ്ട്. വികസന പദ്ധതികളിൽ പ്രാദേശിക ജനവിഭാഗങ്ങൾക്ക് തൊഴിൽ നൽകുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം ഉറപ്പു നൽകി. മികച്ച വേതനവും ജോലി സാഹചര്യങ്ങളും ഉറപ്പുവരുത്തുക വഴി ജീവനക്കാരുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്ന നയമാണ് അദാനി ഗ്രൂപ്പ് പിന്തുടരുന്നതെന്നും സംവാദത്തിനിടെ അദ്ദേഹം വ്യക്തമാക്കി.















