മാഡ്രിഡ്: ഫിഫ ലോകകപ്പ് കിരീടം നേടി നാട്ടിലേക്ക് മടങ്ങിയ സ്പാനിഷ് ഫുട്‌ബോള്‍ ടീമിന് തലസ്ഥാനമായ മാഡ്രിഡ് ഒരുക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണങ്ങളിലൊന്ന്. രാജകുടുംബവും പ്രധാനമന്ത്രിയും മുതല്‍ ലക്ഷക്കണക്കിന് ആരാധകരും വരെ ഒന്നിച്ചുചേര്‍ന്ന് ലോകചാമ്പ്യന്‍മാരെ വരവേറ്റപ്പോള്‍ നഗരം മുഴുവന്‍ ആഘോഷലഹരിയിലായി.
തിങ്കളാഴ്ച മാഡ്രിഡില്‍ വിമാനമിറങ്ങിയ ടീമിനെ സ്‌പെയിന്‍ രാജാവ് ഫിലിപെ ആറാമനും രാജകുടുംബാംഗങ്ങളും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും താരങ്ങളെ അഭിനന്ദിച്ച് സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. രാജകൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷമാണ് ലോകജേതാക്കളുടെ വിജയാഘോഷ യാത്ര ആരംഭിച്ചത്.
‘താരങ്ങള്‍ ഒന്നായി തിളങ്ങുന്നു’ എന്ന സന്ദേശം ആലേഖനം ചെയ്ത പ്രത്യേക ഓപ്പണ്‍ ബസിലായിരുന്നു ലോകകപ്പ് ട്രോഫിയുമായി സ്പാനിഷ് താരങ്ങളുടെ വിജയയാത്ര. ബസ് കടന്നുപോയ വഴികളിലുടനീളം പതാകകളും മുദ്രാവാക്യങ്ങളുമായി എത്തിയ ആരാധകര്‍ താരങ്ങളെ ആവേശത്തോടെ വരവേറ്റു. പാട്ടും നൃത്തവും മുദ്രാവാക്യങ്ങളും നിറഞ്ഞ ആഘോഷത്തില്‍ താരങ്ങളും ആരാധകരുമായി നേരിട്ട് സംവദിച്ചു.
🇪🇸 | Huge crowds flood the streets of Madrid to welcome home the newly crowned World Champions Spain…😲👏🏻#FIFAWorldCup pic.twitter.com/X8DLeWMyqV
— ULTRA ATTACKIVE (@UltraAttackive) July 20, 2026
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മോണ്‍ക്ലോ കൊട്ടാരത്തിന് സമീപത്തുനിന്നാണ് വിജയാഘോഷങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് നഗരമധ്യത്തിലെ വിവിധ പ്രധാനവീഥികളിലൂടെ സഞ്ചരിച്ച ബസ് സിബൈലസ് സ്‌ക്വയറില്‍ എത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സിബൈലസ് സ്‌ക്വയറില്‍ മാത്രം 1.20 ലക്ഷം ആരാധകരാണ് താരങ്ങളെ കാണാനെത്തിയത്. നഗരമൊട്ടാകെ ആഘോഷത്തില്‍ പങ്കെടുത്തവരുടെ എണ്ണം 20 ലക്ഷത്തോളം വരുമെന്നാണ് വിലയിരുത്തല്‍.
ഓരോ താരത്തെയും അവരുടെ ഇഷ്ടഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ക്ഷണിച്ചു. ലോകകപ്പ് ട്രോഫിയുമായി ആദ്യം വേദിയിലെത്തിയത് 25-ാം പിറന്നാള്‍ ആഘോഷിക്കുന്ന അലക്സ് ബേന ആയിരുന്നു. തുടര്‍ന്ന് നായകന്‍ റോഡ്രി ട്രോഫി ഉയര്‍ത്തിയപ്പോള്‍ മാഡ്രിഡ് മുഴുവന്‍ ആഘോഷാരവത്തില്‍ മുങ്ങി. ന്യൂയോര്‍ക്കിലെ ഫൈനല്‍ വേദിയില്‍ കണ്ട അതേ ആവേശം തന്നെയായിരുന്നു സ്വന്തം നാട്ടിലെ ആരാധകര്‍ക്കു മുന്നിലും സ്പാനിഷ് താരങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്.
Wait for Rodri 😭😭😭 pic.twitter.com/fzzsXx27Pb
— ⚡️🇧🇼 (@Priceless_MCI) July 20, 2026
സ്‌പെയിന്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്ന് പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവെന്റെ പറഞ്ഞു. ലോകകപ്പ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ താരങ്ങള്‍ക്കും പരിശീലകസംഘത്തിനും ആരാധകര്‍ക്കുമാണ് ഈ നേട്ടത്തിന്റെ യഥാര്‍ഥ അവകാശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ 1-0ന് കീഴടക്കിയാണ് സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായിരുന്ന മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളാണ് സ്‌പെയിന് കിരീടം സമ്മാനിച്ചത്.















