മൊഹാലി: പഞ്ചാബിലെ മൊഹാലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിൽ വൻ ദുരന്തം ഒഴിവായി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിക്കുകയായിരുന്നു. വിമാനം റൺവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കെയാണ് പവർ ബാങ്ക് പൊട്ടിത്തെറിച്ചതും വിമാനത്തിന്റെ കാബിനുള്ളിൽ കടുത്ത പുക നിറഞ്ഞതും. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും വിമാന ജീവനക്കാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
വിമാനത്തിനുള്ളിൽ പുക പടർന്നതിനെ തുടർന്ന് എമർജൻസി എക്സിറ്റുകളിലൂടെയും സാധാരണ വാതിലുകളിലൂടെയും യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. പവർ ബാങ്കിലെ ലിഥിയം അയോൺ ബാറ്ററി അമിതമായി ചൂടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഇൻഡിഗോ എയർലൈൻസ് ഔദ്യോഗികമായി വിശദീകരണം നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാരെ എത്രയും വേഗം പുറത്തെത്തിക്കാൻ സാധിച്ചുവെന്നും സാങ്കേതിക പരിശോധനകൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു. വിമാന യാത്രകളിൽ ലിഥിയം അയോൺ ബാറ്ററികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും കാരണമായിരിക്കുകയാണ്.















