ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് നീക്കിയതിന് പിന്നാലെ, ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ കാവി ഷാളുകൾക്ക് കർശന വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാഭ്യാസ മേഖലയിൽ മതം കലർത്തുന്നതിനൊപ്പം, ഒരു വിഭാഗത്തിന് മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്.
നേരത്തെ ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം പരിഷ്കാരം അട്ടിമറിച്ചാണ് സിദ്ധരാമയ്യ സർക്കാർ ബുധനാഴ്ച വിവാദ ഉത്തരവിറക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ സമത്വവും ഐക്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യൂണിഫോം ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഹിജാബ് ധരിക്കാൻ അനുമതി നൽകിയ സർക്കാർ, അതേസമയം കാവി ഷാളിന് അനുമതി നിഷേധിക്കുകയായിരുന്നു. നിലവിലുള്ള മതപരവും സാംസ്കാരികവുമായ ആചാരങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ എന്നും പുതിയ രീതിയിലുള്ള വസ്ത്രധാരണങ്ങൾ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിചിത്രമായ വാദം.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്ത സർക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ മേഖലയിലേക്ക് ബോധപൂർവ്വം മതം കലർത്തുകയാണെന്ന് പ്രഹ്ലാദ് ജോഷി ചുണ്ടികാട്ടി. ടർബൻ, പൂണൂൽ, രുദ്രാക്ഷം എന്നിവയ്‌ക്കൊപ്പം ഹിജാബിനെയും ഉൾപ്പെടുത്തിയ മുഖ്യമന്ത്രി, കാവി ഷാളിനെ മാത്രം പുറത്തുനിർത്തിയത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.















