ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ ഹൈഡ്രജന്‍ ഇന്ധന സെല്‍ ട്രെയിന്‍ ഇന്ന് ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചരിത്രപ്രാധാന്യമുള്ള ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.
2026 മെയ് മാസത്തിലാണ് രാജ്യത്തെ ആദ്യ 10 കോച്ചുകളുള്ള ഹൈഡ്രജന്‍ ഡിഇഎംയു ട്രെയിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. ഡീസലിന് പകരം ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത്, അതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും.
89 കോടി ചെലവില്‍ ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ച ട്രെയിനിനായി ജിന്ദില്‍ പ്രത്യേക ഹൈഡ്രജന്‍ ഉല്‍പ്പാദന കേന്ദ്രവും റീഫ്യൂവലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 27 ഹൈഡ്രജന്‍ സിലിണ്ടറുകളുള്ള ട്രെയിന് ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിന്‍ പ്രതിദിനം 356 കിലോമീറ്റര്‍ സര്‍വീസ് നടത്തും.
രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉള്‍പ്പെടുന്ന 10 കോച്ചുകളുള്ള ഈ ട്രെയിന്‍സെറ്റിന്റെ മൊത്തം വൈദ്യുത ശേഷി 2,400 കിലോവാട്ടിനടുത്താണ്. പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതും പരിവര്‍ത്തനം ചെയ്തതുമാണ് ഈ ട്രെയിന്‍. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികളുടെ നേട്ടമാണിതെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.
90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്ദ്-സോനിപത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ പ്രതിദിനം 2,600-ലധികം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ദേശീയ തലസ്ഥാന മേഖലയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ വ്യവസായം, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകള്‍ക്കും ഇത് ഗുണകരമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
‘ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ഹരിയാനയില്‍ നിന്ന് ഓടിത്തുടങ്ങുകയാണ്,’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹരിത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ നിര്‍ണായക ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും, ‘വികസിത് ഭാരത്’, ‘ഗ്രീന്‍ ഇന്ത്യ’ ലക്ഷ്യങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തേകുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.















