പാലക്കാട്: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ യുപി മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഹൻജി ഭാരത് വെൽഫെയർ ഫൗണ്ടേഷനാണ് ക്ഷേത്രം നിർമിക്കുന്നത്.
ഒൻപതര ഏക്കർ സ്ഥലത്താണ് ക്ഷേത്രത്തിന്റെ നിർമാണം നടക്കുന്നത് . 30 അടി ഉയരത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയാണ് ക്ഷേത്രം ഉയരുന്നത്
ഗുരുവായൂരിലെ അതേ താന്ത്രിക- പൂജവിധിയാണ് ഇവിയുണ്ടാകുക. അതേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ പിന്തുടരും. ദർശന സമയവും ആഘോഷവും പ്രസാദവുമെല്ലാം ഗുരുവായൂരിലേതിന് സമാനമായിരിക്കും.
ക്ഷേത്രത്തിന്റെ ഭാഗമായി ഗോശാലയും ആനക്കൊട്ടിലും വിധവകൾക്കുള്ള ആശ്രമവും ഒരുക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യായുടെ സഹായത്തോടെ ഭാഗവതവും ഭഗവത്ഗീതയും 22 ഭാഷകളിൽ ശ്രവിക്കാനുള്ള സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
ഈക്കാട് ഇല്ലക്കാരാണ് തന്ത്രം ഏറ്റെടുത്തിരിക്കുന്നത്. ഈക്കാട് നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് ആചാര്യൻ. നിലവിൽ ഷഠാധാര പ്രതിഷ്ഠ പൂർത്തിയായിട്ടുണ്ട്. അടുത്ത വർഷം ഫെബ്രുവരി 19 നകം പ്രാണപ്രതിഷ്ഠ നടത്താനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ. ശ്രീകോവിൽ, വാതിൽ മാടം, കൊടിമരം, ശീവേലിപ്പുര എന്നിവ നിർമിക്കുന്നത്. പാലക്കാട് പുത്തൂർ പാതിരിശ്ശേരി പരേതനായ പി.കെ നമ്പൂതിരിയുടെയും ശ്രീദേവി നമ്പൂതിരിയുടെയും മൂത്തമകൻ ഡോ. മോഹൻജിയാണ് ഫൗണ്ടേഷന്റെ സ്ഥാപകൻ.















