മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം ദേശീയ പാത 66 ൽ തേഞ്ഞിപ്പലം കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. മരിച്ച മൂന്നു പേരും തൃശൂർ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ് , ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് അപകടം നടന്നത്.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മഴയ്‌ക്കിടെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ ഇവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.















