പത്തനംതിട്ട: ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ. തിരുവല്ല ആനന്ദേശ്വരം ക്ഷേത്രത്തിന്റെ ഭൂമിയാണ് പിടിച്ചെടുത്തത്. ക്ഷേത്രഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയറ്ററിലേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി. തിരുവല്ല ജേക്കബ് തീയറ്റർ ആണ് ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രഭൂമിയിൽ ഭക്തർ കാവി കൊടി നാട്ടി ഭൂമി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.
ഭൂമി ക്ഷേത്രത്തിന് വിട്ടു നൽകണമെന്ന് 2023ൽ കോടതി വിധിച്ചിരുന്നു. എന്നിട്ടും ഭൂമി തീയറ്റർ ഉടമകൾ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.
1978 ലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 36 സെൻറ് ഭൂമി വർഗീസിനും തോമസിനും പാട്ടത്തിന് നൽകിയത്. 25 വർഷത്തേക്കാണ് പാട്ടക്കരാർ. കേവലം 200 രൂപയായിരുന്നു പ്രതിമാസ വാടക. പാട്ടക്കരാർ കഴിഞ്ഞിട്ടും ഭൂമി വിട്ടു നൽകാനോ കെട്ടിടം മാറ്റാനോ തീയറ്റർ ഉടമകൾ തയ്യാറായില്ല. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് നിയമപരമായി നീങ്ങുകയും തീരുവല്ല മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടുകയും ചെയ്തു. തീയറ്റർ അവിടെ നിന്നും പൊളിച്ചു മാറ്റാൻ ഉത്തരവിടുകയും ചെയ്തു. 2018 മുതലുള്ള വാടക കുടിശിക ഉൾപ്പെടെ ക്ഷേത്രത്തിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി വിട്ടുനൽകാൻ കയ്യേറ്റക്കാർ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല തീയറ്റർ മുസ്ലി സമുദായത്തിൽ നിന്നുള്ള ഒരാൾക്ക് കൈമാറുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ തിരികെ പിടിക്കാൻ തീരുമാനമെടുത്തത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിലാ്ണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. അദ്ദേഹം തന്നെയാണ് ഭൂമി തിരികെ പിടിച്ചെന്ന് പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങളുടെ സ്വത്തുക്കളോട് എന്തും ആകാം എന്ന ധാരണയ്‌ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ആനന്ദേശ്വം ക്ഷേത്രഭൂമിയുടെ തിരിച്ചു പിടിക്കൽ.















