കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ പുതിയ നിയമപോരാട്ടവുമായി അതിജീവിത. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പുറത്തെ ആളുകള്‍ക്ക് കൈമാറി കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ കേസില്‍ സമഗ്രമായ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിച്ചു.
സുപ്രീംകോടതിയിലെ പ്രശസ്തയും മുതിര്‍ന്ന അഭിഭാഷകയുമായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ച്ചയെക്കുറിച്ചുള്ള മുന്‍ അന്വേഷണങ്ങളില്‍ പോരായ്മകളുണ്ടെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് താരത്തിന്റെ ഈ പുതിയ നീക്കം. കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും സംഭവത്തിന് പിന്നിലെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ വിപുലമായ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി കോടതി ഉടന്‍ പരിഗണിച്ചേക്കും.















