ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കട്ടപ്പന: ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിനിയായ മാരി (35) ആണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരണപ്പെട്ടത്. തന്റെ മകളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിടാനായി റോഡിലേക്ക് പോകുന്നതിനിടെയാണ് മാരി കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഈ സമയം കൂടെയുണ്ടായിരുന്ന ഇവരുടെ മകനും ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മേഖലയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് കാരണം തൊട്ടുമുന്നില്‍ കാട്ടാന നില്‍ക്കുന്നത് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. വന്യമൃഗശല്യം അതീവ രൂക്ഷമായ സൂര്യനെല്ലിയില്‍ സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങാറുള്ള പാതയിലാണ് അപകടം സംഭവിച്ചത്.

ഈ ദാരുണ സംഭവത്തോടെ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. മലയോര മേഖലകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം വന്യജീവി ആക്രമണങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രദേശത്ത് വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ കടുത്ത ജനരോഷമാണ് ഉയരുന്നത്.

Share