കണ്ണൂർ: മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി. മൊത്ത വ്യാപാരി വേങ്ങാട് സ്വദേശി ഷമീർ (35)ൽ നിന്നുമാണ് ലഹരി പദാർത്ഥങ്ങൾ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പരിശോധന. കണ്ണൂർ ജില്ലയിലെ വിവിധ കടകളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു ഇവ.
കർണാടകയിൽ നിന്നും പച്ചക്കറി കൊണ്ട് വരുന്നതാണെന്ന വ്യാജേനയാണ് ലഹരി കടത്ത്. ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയതിന് ശേഷം ഉയർന്ന വിലക്ക് കണ്ണൂർ ജില്ലയിലെ വിവിധ കടകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളിൽ ലഹരി ഉത്പന്നങ്ങൾ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടർന്ന് മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികൾക്കിടയിൽ ചാക്കിൽ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്.