ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടുന്നു. തന്ത്രപ്രധാനമായ സോജില തുരങ്ക പാതയുടെ ഖനനം അവസാന ഘട്ടത്തിലേക്ക് കടന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 11,578 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജില ടണല്‍ പൂര്‍ത്തിയാകുന്നതോടെ, ഇത്രയും ഉയര്‍ന്ന പ്രദേശത്ത് നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ ട്യൂബ്, ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന റോഡ് തുരങ്കമായി ഇത് മാറും.

ശ്രീനഗര്‍-കാര്‍ഗില്‍-ലേ ഹൈവേയിലെ പ്രശസ്തമായ സോജില പാസിന് അടിയിലാണ് 13.15 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം നിര്‍മ്മിക്കുന്നത്. ജമ്മു കശ്മീരിലെ സോനാമാര്‍ഗിനടുത്തുള്ള ബാല്‍ത്താലിനെ ലഡാക്കിലെ ദ്രാസ് മേഖലയിലുള്ള മീനാമാര്‍ഗുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. കഠിനമായ ശൈത്യകാലത്തും കശ്മീരിനും ലഡാക്കിനുമിടയില്‍ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും ദുര്‍ഘടമായ മലയോര പാതകളിലൊന്നാണ് സോജില പാസ്. ശക്തമായ മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം എല്ലാ ശൈത്യകാലത്തും മാസങ്ങളോളം ഈ പാത അടച്ചിടേണ്ടി വരാറുണ്ട്. ഇത് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുത്തും. തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ വാര്‍ഷിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. കാര്‍ഗില്‍, ദ്രാസ്, ലേ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, ഭക്ഷ്യലഭ്യത, വിദ്യാഭ്യാസം, ഗതാഗതം എന്നിവ വര്‍ഷം മുഴുവന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

തുരങ്കം വരുന്നതോടെ യാത്രാസമയത്തില്‍ വന്‍ കുറവുണ്ടാകും. നിലവില്‍ സോജില പാസ് വഴി യാത്ര ചെയ്യാന്‍ സാധാരണ നിലയില്‍ മൂന്ന് മണിക്കൂറോളം എടുക്കും, മോശം കാലാവസ്ഥയാണെങ്കില്‍ ഇത് നീളുകയും ചെയ്യും. എന്നാല്‍ തുരങ്കം തുറക്കുന്നതോടെ വെറും 15 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകും. ആധുനിക സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങളോടെയാണ് സോജില ടണല്‍ ഒരുങ്ങുന്നത്.

തുരങ്കത്തിലുടനീളം സിസിടിവി നിരീക്ഷണം, അത്യാധുനിക വെന്റിലേഷന്‍ സംവിധാനങ്ങള്‍, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍, തടസ്സമില്ലാത്ത വൈദ്യുതി വിതരണവും റേഡിയോ ആശയവിനിമയ സംവിധാനങ്ങളും. കാറ്റോട്ടത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കുമായി ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ വെര്‍ട്ടിക്കല്‍ ടണല്‍ ഷാഫ്റ്റ് ഉള്‍പ്പെടെ മൂന്ന് കൂറ്റന്‍ വെര്‍ട്ടിക്കല്‍ ഷാഫ്റ്റുകള്‍ എന്നിവയാണ് തുരങ്കത്തിന്റെ സവിശേഷതകള്‍.

പ്രധാന തുരങ്കത്തിന് പുറമെ, അപ്രോച്ച് റോഡുകള്‍, മറ്റ് ചെറിയ തുരങ്കങ്ങള്‍, സ്‌നോ ഗാലറികള്‍, വലിയ പാലങ്ങള്‍ എന്നിവയുള്‍പ്പെടെ 30 കിലോമീറ്ററിലധികം നീളുന്ന വിപുലമായ ഒരു കോറിഡോര്‍ തന്നെയാണ് ഇവിടെ വികസിപ്പിക്കുന്നത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലും താഴെപ്പോകുന്ന അതികഠിനമായ തണുപ്പിലാണ് തൊഴിലാളികള്‍ ഇവിടെ പണിയെടുത്തത്. പലതവണയുണ്ടായ ഹിമപാതങ്ങളെയും മലനിരകളിലെ പ്രവചനാതീതമായ പാറകളുടെ ഘടനയെയും അതിജീവിച്ചാണ് എഞ്ചിനീയര്‍മാര്‍ ഈ ദൗത്യം വിജയത്തോടടുപ്പിച്ചത്.

ടൂറിസം മേഖലയ്‌ക്കും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്‌ക്കും പുറമെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ഈ തുരങ്കം അത്യന്താപേക്ഷിതമാണ്. ലഡാക്കിലെയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലെയും സൈനിക ക്യാമ്പുകളിലേക്ക് വര്‍ഷം മുഴുവന്‍ വേഗത്തില്‍ സൈന്യത്തെയും ആയുധങ്ങളെയും എത്തിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഈ പാത വലിയ കരുത്താകും. തുരങ്കത്തിന്റെ ഖനന പ്രക്രിയ പൂര്‍ത്തിയായെങ്കിലും ടണല്‍ ലൈനിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍, വെന്റിലേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയാണ് അടുത്ത ഘട്ടം. 2028-ഓടെ സോജില ടണല്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

Share