തൃശൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഡിടിപിസി സെക്രട്ടറി സിൽബട്ട് ജോസിനെതിരെയാണ് ഓഫീസിലെ കരാർ ജീവനക്കാരിയുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ജീവനക്കാരിയെ സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി അധിക്ഷേപിച്ചെന്നും ശരീരത്തിൽ കടന്ന് പിടിച്ചെന്നുമാണ് പരാതി. ജോലിയുടെ കരാർ പുതുക്കാൻ സമ്മതിക്കില്ലെന്നും ശമ്പളം തടഞ്ഞ് വെയ്‌ക്കുമെന്നും സിൽബർട്ട് ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി.
മെയ് 19ന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം , ബലപ്രയോഗം , അശ്ലീല പദപ്രയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















