ന്യൂജേഴ്‌സി: ലോക ഫുട്‌ബോളിലെ റെക്കോര്‍ഡ് പുസ്തകത്തില്‍ വീണ്ടും തന്റെ പേര് അടയാളപ്പെടുത്തി ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സെനഗലിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടി ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചതിന് പുറമെ ലോകകപ്പ് ഗോള്‍വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും ലയണല്‍ മെസിയെയും പിന്നിലാക്കുകയും ചെയ്തു.
സെനഗലിനെതിരായ മത്സരത്തില്‍ നേടിയ രണ്ട് ഗോളുകളോടെ എംബാപ്പെയുടെ ലോകകപ്പ് ഗോള്‍ നേട്ടം 14 ആയി ഉയര്‍ന്നു. ഇതോടെ 12 ഗോളുകളുള്ള ബ്രസീലിയന്‍ ഇതിഹാസം പെലെയെയും 13 ഗോളുകളുള്ള അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെയും ഫ്രഞ്ച് താരം മറികടന്നു.
ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ജര്‍മ്മന്‍ ഇതിഹാസം ഗെര്‍ഡ് മുള്ളറിനൊപ്പമാണ് എംബാപ്പെ. ഇരുവരും 14 ഗോളുകളുമായി മൂന്നാം സ്ഥാനമാണ് പങ്കിടുന്നത്. ഇനി ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയോ (15), ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ (16) എന്നിവരാണ് എംബാപ്പെയ്‌ക്ക് മുന്നിലുള്ളത്.
മൂന്നാമത്തെ ലോകകപ്പ് മാത്രമാണ് എംബാപ്പെ കളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2022 ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ താരം, ഈ ലോകകപ്പിലെ ആദ്യ മത്സരത്തിലും ഇരട്ടഗോള്‍ നേടി തന്റെ മികവ് വീണ്ടും തെളിയിച്ചു. കഴിഞ്ഞ രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് മാത്രം അഞ്ച് ഗോളുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സെനഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 66-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെയുടെ പാസില്‍ നിന്ന് ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയെ കീഴടക്കിയാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. ആ ഗോളോടെയാണ് പെലെയുടെ ലോകകപ്പ് റെക്കോര്‍ഡ് പിന്നിലായത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എംബാപ്പെ വീണ്ടും വലകുലുക്കി തന്റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിലേക്ക് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ് കൂടുതല്‍ ശക്തമായി.
വേഗതയും ഫിനിഷിംഗും കൊണ്ട് ലോക ഫുട്‌ബോളിനെ വിസ്മയിപ്പിക്കുന്ന എംബാപ്പെ, ലോകകപ്പ് റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇനി എത്ര ഉയരങ്ങളിലേക്ക് എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.