പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

ചികിത്സയ്‌ക്കായി പൊലീസ് വെൽഫെയർ ബ്യൂറോ വഴി ധനസഹായം അനുവദിക്കാൻ നിർദേശം നൽകിയതായും ആദ്യഘട്ടമായി 5 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ സ്ഥാനങ്ങളിൽ ജോലി നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ജൂൺ 18-നാണ് ഐങ്ങോത്ത് വാഹന പരിശോധനയ്‌ക്കിടെ അപകടം ഉണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയോടെ പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദേശിക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ കാർ ഉദ്യോഗസ്ഥരെ ഇടിക്കുകയും തുടർന്ന് പൊലീസ് ജീപ്പിൽ ഇടിച്ച് നിൽക്കുകയും ചെയ്തത്.

ജീപ്പിനും കാറിനും ഇടയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലേക്കും മാറ്റുകയായിരുന്നു.

Share