മലമുകളിൽ ആനന്ദ നിമിഷങ്ങളിലൂടെ രണ്ട് പെൺകുട്ടികൾ… അതാണ് ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ആദ്യ അനുഭവം.
പച്ചപ്പുല്ലുകൾ നിറഞ്ഞ മലമുകളിൽ ഒരു നായയോടൊപ്പം സന്തോഷത്തോടെ ഓടുന്ന രണ്ട് പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഈ ദൃശ്യത്തിൽ പ്രതിഫലിക്കുന്നു. സൂക്ഷിച്ച് നോക്കുമ്പോൾ അവരിൽ ഒരാൾ വിസ്മയ മോഹൻലാലാണെന്ന് തിരിച്ചറിയാം.
ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണിത്.
സാധാരണ ഒരു കുടുംബത്തിന്റെ കഥ പറയുന്ന സിനിമയാണെന്ന് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ വ്യക്തമാക്കിയിരുന്നു. ആ വാക്കുകളോട് പൂർണമായും ചേർന്നുനിൽക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും എത്തുന്നത്. ഈ ലാളിത്യത്തിനുള്ളിൽ എന്തെല്ലാം വികാരങ്ങളും കഥാപശ്ചാത്തലങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്നറിയാൻ ചിത്രം റിലീസ് ചെയ്യുന്നതുവരെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാൽ തന്നെ ചിത്രം തുടക്കത്തിൽ മുതൽ വലിയ ചർച്ചയായി മാറിയിരുന്നു. ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തെയും ജൂഡ് ആൻ്റണി പരിചയപ്പെടുത്തുന്നുണ്ട് — ആശിഷ് ജോ ആൻ്റണി. Empuraan സിനിമയിലെ ചെറു സാന്നിധ്യത്തിലൂടെ ശ്രദ്ധ നേടിയ ആശിഷ്, ഇത്തവണ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മെഗാഹിറ്റ് ചിത്രമായ 2018 ന് ശേഷം ജൂഡ് ആൻ്റണി ജോസഫ് ഒരുക്കുന്ന സിനിമയെന്ന നിലയിലും ‘തുടക്കം’ ഏറെ പ്രതീക്ഷ നൽകുന്നു. സായി കുമാർ , ഗണേഷ് കുമാർ എന്നിവരടക്കം നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം ജാക്സ് ബിജോയ് , ഛായാഗ്രഹണം ജോമോൻ ടി. ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ എന്നിവരാണ് നിർവഹിക്കുന്നത്.