കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള സരള ഭട്ട് കൊലക്കേസിൽ നിർണായക നീക്കവുമായി ജമ്മു-കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി. 1990-ൽ കശ്മീരി പണ്ഡിറ്റ് നഴ്‌സായ സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനറെ (JKLF) നേതാവ് യാസിൻ മാലിക്ക് മുഖ്യസൂത്രധാരനാക്കി കുറ്റപത്രം സമർപ്പിച്ചു.  737 പേജുള്ള കുറ്റപത്രമാണ് ശ്രീനഗറിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.

യാസിൻ മാലിക്കിന് പുറമെ ഖുർഷീദ് അഹമ്മദ് ചാൽക്കൂ, അബ്ദുൽ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി അഥവാ ഇദ്രീസ്, ഗുലാം മുഹമ്മദ് ടാപ്ലു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ സരള ഭട്ടിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

1990 ഏപ്രിൽ 18-ന് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് 27-കാരിയായ സരള ഭട്ട് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി പീഡിപ്പിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സരള ഭട്ടിന്റെ കൊലപാതകം ഒറ്റപ്പെട്ട കുറ്റകൃത്യമല്ലെന്നും താഴ്വരയിലെ കശ്മീരി ഹിന്ദു സമൂഹത്തിൽ വ്യാപകമായ ഭീതി സൃഷ്ടിച്ച് അവരുടെ പലായനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംഘടിത ഭീകര ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.

സാക്ഷിമൊഴികൾ, മെഡിക്കൽ രേഖകൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് എസ്ഐഎ അറിയിച്ചു. ദീർഘകാലം നിർജീവമായിരുന്ന കേസ് വീണ്ടും പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളുടെ ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ കേസുകളിലൊന്നായാണ് സരള ഭട്ട് കൊലക്കേസ് വിലയിരുത്തപ്പെടുന്നത്. കുറ്റപത്രം കോടതി സ്വീകരിക്കുന്നതോടെ കേസിന്റെ തുടർ വിചാരണ നടപടികൾക്ക് വഴിയൊരുങ്ങും.

Share