തിരുവനന്തപുരം: ഹൈഡ്രോസെഫാലസ് രോഗികളുടെ ചികിത്സയിൽ നിർണായകമായ മെഡിക്കൽ ഉപകരണമായ സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട് വീണ്ടും വിപണിയിലെത്തി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ ഉപകരണത്തിന്റെ നിർമ്മാണവും വിപണനവും എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡാണ് നിർവഹിക്കുന്നത്. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതിയോടെയാണ് ഉപകരണം പുനരവതരിപ്പിക്കുന്നത്.
തലച്ചോറിൽ സാധാരണയായി ഉത്പാദിപ്പിക്കുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ (CSF) ഒഴുക്ക് തടസ്സപ്പെടുകയോ, ആഗിരണം കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹൈഡ്രോസെഫാലസ്. ഈ അവസ്ഥയിൽ തലച്ചോറിലെ അധിക ദ്രാവകം ഉദരാശയത്തിലേക്ക് ഒഴുക്കി ശരീരത്തിൽ തന്നെ പുനരാഗിരണം ചെയ്യാൻ സഹായിക്കുന്ന ജൈവ അനുയോജ്യമായ ഷണ്ട് സംവിധാനമാണ് സെറിഡ്രെയിൻ.
വിലകൂടിയ ഇറക്കുമതി ഷണ്ടുകൾക്ക് പകരമായ തദ്ദേശീയവും ചെലവുകുറഞ്ഞതുമായ പരിഹാരമായി 1990-കളുടെ തുടക്കത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പിന്നീട് ഇത് എച്ച്എൽഎൽ ലൈഫ്കെയറിന് കൈമാറി.
2023 മുതൽ എച്ച്എൽഎൽ ലൈഫ്കെയറും ശ്രീചിത്രയും ചേർന്ന് ഉപകരണത്തിന്റെ പുനരാരംഭ പദ്ധതിക്ക് തുടക്കമിട്ടു. നിർമ്മാണ പ്രക്രിയ പുനസ്ഥാപിക്കൽ, അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തൽ, പരിശോധനയും ഗുണനിലവാര മൂല്യനിർണയ സംവിധാനങ്ങളും മെച്ചപ്പെടുത്തൽ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.
ഈ സംയുക്ത ശ്രമങ്ങളുടെ ഫലമായി ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും നിർമ്മാണ സ്ഥിരതയും റെഗുലേറ്ററി അനുസരണവും കൂടുതൽ ശക്തിപ്പെട്ടു. ഇതോടെയാണ് സിഡിഎസ്‌സിഒയുടെ അന്തിമ അംഗീകാരം ലഭിച്ചത്. രാജ്യത്തുടനീളമുള്ള രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള തദ്ദേശീയ ആരോഗ്യസാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ഇത് സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.















