കാസര്‍കോട്: സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീര്‍ ലാല (ലാലാ കബീര്‍), മുഹമ്മദ് മിര്‍ഷാന്‍ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്‌ക്ക് സമീപത്ത് നിന്ന് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇരുവരും സഞ്ചരിച്ച കാറില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെയും ലഹരിമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലും കര്‍ണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ലാലാ കബീര്‍ അടുത്തിടെയാണ് മൈസൂരു ജയിലില്‍ നിന്ന് മോചിതനായത്. പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.
കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെയും എസ്.ഐ കെ.പി. ഗണേശന്റെയും നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. കഞ്ചാവ് എവിടെ നിന്ന് എത്തിച്ചതാണെന്നും എവിടേക്കാണ് കടത്താന്‍ ശ്രമിച്ചതെന്നുമടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.