4കൊച്ചി: കളമശ്ശേരിയിലെ കിൻഫ്ര പാർക്കിൽ നടന്ന എ.ഐ. സമ്മിറ്റിനിടെ വേദിയിൽ പ്രദർശിപ്പിച്ച ബോർഡിൽ ‘Kerala’ എന്നതിന് പകരം ‘Kaaralam’ എന്ന് എഴുതിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനും ട്രോളുകൾ ഉയർന്നതിനും പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
”നിങ്ങളുടെ ട്രോളുകളെല്ലാം കണ്ടു” എന്ന വാചകത്തോടും ഒരു സ്മൈലിയോടുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. എഴുതുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവരുടെ സംഭാഷണം കേട്ടതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് അക്ഷരത്തെറ്റിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ജനങ്ങൾക്ക് വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും പൂർണ അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു. ലഭിച്ച വിമർശനങ്ങൾക്കും തിരുത്തലുകൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
എ.ഐ. സമ്മിറ്റ് വേദിയിലെ ബോർഡിലെ അക്ഷരത്തെറ്റിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവിധ രാഷ്‌ട്രീയ പ്രൊഫൈലുകളിൽ നിന്ന് വ്യാപകമായ പരിഹാസവും ട്രോളുകളും ഉയർന്നിരുന്നു.














