കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങളുടെ മറവിൽ മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം. മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥതയുടെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും ചിലർ കരുതുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
“തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നത്” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കുകയായിരുന്നു. മാധ്യമപ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന ഇത്തരം പ്രവണതകൾക്കെതിരായ താക്കീതാണ് ആൻ്റോ ജോസഫിന്റെ അറസ്റ്റെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും വെള്ളാപ്പള്ളി പരാമർശിക്കുന്നുണ്ട്. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിന് ഇടതുസർക്കാരും കൂട്ടുനിന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
ആൻ്റോയ്‌ക്കെതിരായ കേസും അറസ്റ്റും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയോ സ്വാധീനമോ നിയമത്തിന് മുകളിലുള്ള സംരക്ഷണമായി മാറരുതെന്ന സന്ദേശവും അദ്ദേഹം ലേഖനത്തിലൂടെ മുന്നോട്ടുവയ്‌ക്കുന്നു.















